പത്രക്കുറിപ്പ്
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പരിസ്ഥിതി സംരക്ഷണ രംഗത്തെ അതുല്യ സംഭാവനകളാൽ ദേശീയതലത്തിൽ ശ്രദ്ധേയനുമായ പ്രൊഫ. മാധവ് ഗാഡ്ഗിലിന്‍റെ നിര്യാണത്തിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അനുശോചനം രേഖപ്പെടുത്തി.
പശ്ചിമഘട്ട സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കിയ ശ്രീ ഗാഡ്ഗിൽ കേരളമെങ്ങും അറിയപ്പെടുന്ന വ്യക്തിത്വവുമായിരുന്നു. കേരളത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കേരളത്തിലെ പ്രകൃതി സംരക്ഷണത്തിനും സന്തുലിതമായ ഒരു ആവാസവ്യവസ്ഥ രൂപകല്പന ചെയ്യുന്നതിലും സംരക്ഷിക്കുന്നതിനും ഏറെ ഊന്നല്‍ നല്കിയിരുന്നു.
"അദ്ദേഹത്തെ നേരിൽ കാണുവാനുള്ള അവസരം ലഭിച്ചിട്ടുള്ള എനിക്ക്, അദ്ദേഹത്തിന്‍റെ അറിവും പാണ്ഡിത്യവും നേരിട്ട് മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും സംബന്ധിച്ച അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളും സംഭാവനകളും വരുംതലമുറകൾക്കും മാര്‍ഗ്ഗദര്‍ശിയാണ്.
അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിന് തീരാനഷ്ടമാണ്," അനുശോചന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
പ്രൊഫ. മാധവ് ഗാഡ്ഗിലിന്‍റെ കുടുംബാംഗങ്ങളേയും, സുഹൃത്തുക്കളേയും വന്‍ശിഷ്യസമ്പത്തിനേയും അനുശോചനം അറിയിച്ച ഗവർണർ അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.




