തിരുവനന്തപുരം:
അതിഥികള്‍ എത്തുമ്പോഴും വിവിധ പരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഗവര്‍ണര്‍ക്ക് ലഭിക്കുന്നത് വ്യത്യസ്തങ്ങളായ ഉപഹാരങ്ങളാണ് - ശില്‍പങ്ങള്‍, ചിത്രങ്ങള്‍, പ്രതിമകള്‍, വിഗ്രഹങ്ങള്‍, മെമെന്‍റോകള്‍ തുടങ്ങി അനവധി സമ്മാനങ്ങള്‍. ഇപ്പോള്‍ ഇവ രാജ്ഭവനിലെ വിവിധ മുറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ അപൂര്‍വ സമ്മാനങ്ങള്‍ പൊടിപിടിച്ച് കിടക്കാതെ പൊതുജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ മനോഹരമായി പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സമ്മാനങ്ങള്‍ ശാസ്ത്രീയമായി വര്‍ഗീകരിച്ച് പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സംസ്ഥാന മ്യൂസിയം ഡയറക്ടര്‍ മഞ്ജുളാദേവിയുമായി അദ്ദേഹം ചര്‍ച്ച നടത്തി.
കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടനാപാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കുക. ''പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത്തരം സമ്മാനങ്ങള്‍ കാണാന്‍ അവസരം ലഭിക്കുന്നത് വലിയ വിദ്യാഭ്യാസ മൂല്യമേകും. രാഷ്ട്രത്തിന്‍റെ സാംസ്‌കാരികവും കലാപരവുമായ സമ്പത്ത് അടുത്തറിയാന്‍ ഇത് സഹായകരമാകും,'' ഗവര്‍ണര്‍ വ്യക്തമാക്കി.
ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ ശേഷം പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം തുറന്ന് കൊടുക്കാനാണ് പദ്ധതി. ലോക്ഭവനില്‍ അമൂല്യമായ കലാസമ്പത്ത് ഉള്‍പ്പെടുന്നു; രാജാ രവിവര്‍മ്മയുടെ അഞ്ച് ഒറിജിനല്‍ പെയിന്‍റിംഗുകളും അവയില്‍പ്പെടുന്നു. അവയും ശാസ്ത്രീയമായി സംരക്ഷിക്കും.




