Print

മനുഷ്യത്വമാണ് എല്ലാ മേഖലകളിലും വിജയത്തിനാധാരം ഗവര്‍ണർ

മനുഷ്യത്വമാണ് എല്ലാ മേഖലകളിലും വിജയത്തിനാധാരം – ഗവര്‍ണർ

കുടുംബ പശ്ചാത്തലം മെച്ചപ്പെടുന്നതിലൂടെ മാത്രമേ വഴിതെറ്റുന്ന വരും തലമുറയെ വീണ്ടെടുക്കാനാവൂ എന്ന് ഗവര്‍ണർ ആർലേക്കർ പറഞ്ഞു.  ജീവിത വിജയത്തിനാവശ്യമായ കഴിവുകൾ എന്ന വിഷയത്തെ ആസ്പദമാക്കി രചിക്കപ്പെട്ട 'Core Life Skills for the 21st Century: A Comprehensive Training Manual'  എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വസുധൈവകുടുംബകം' അഥവാ ലോകമൊരു കുടുംബം എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാകണമെങ്കിൽ നമ്മുടെ പ്രവൃത്തി സ്വന്തം കുടുംബത്തിൽ നിന്നും ആരംഭിക്കണമെന്ന് ഗവര്‍ണർ പറഞ്ഞു.

 

കുടുംബം ശിഥിലമാകുന്നതിന്റെ പ്രത്യാഘാതങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കുടുംബവും സമൂഹവും ശക്തമായിരുന്നതിനാലാണ് ഭാരതത്തിൽ ഇത് ആവർത്തിക്കാത്തത്. പക്ഷേ, കുടുംബത്തേയും സംസ്കാരത്തേയും തകർക്കാനുള്ള ആസൂത്രിതവും സംഘടിതവുമായ ശ്രമം  രാജ്യത്തിനകത്തു നിന്നും, പുറത്ത് നിന്നും തകൃതിയായി നടക്കുന്നു.  ഇതിനെതിരെ മാതാപിതാക്കൾ ജാഗ്രത പുലർത്തണം. നമ്മുടെ കുട്ടികൾ എങ്ങനെ വളരണം എന്നും, അവരെ ആര് വളർത്തുന്നു എന്നും ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്. നല്ല വ്യക്തിയിലൂടെ മാത്രമേ നല്ല സമൂഹം കെട്ടിപ്പടുക്കാനാവൂ.  ഡോക്ടർ ആകട്ടെ, എൻജീനിയർ ആകട്ടെ, രാഷ്ട്രീയ നേതാവാകട്ടെ, അയാൾ ആദ്യം ഒരു നല്ല മനുഷ്യനാവണം. മനുഷ്യത്വമുണ്ടായാൽ എല്ലാ മേഖലകളിലും നല്ല വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ സാധിക്കും – ഗവര്‍ണർ കൂട്ടിച്ചേർത്തു.